07:57am 13 November 2026
NEWS
പെരുമ്പാവൂരിൽ വീണ്ടും ബാലവേല; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
20/07/2026  06:43 PM IST
nila
പെരുമ്പാവൂരിൽ വീണ്ടും ബാലവേല; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ജോലിക്കായി എത്തിച്ച ഒൻപത് പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബിഹാറിൽ നിന്ന് ജോലിക്കായി എത്തിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരും. മണിക്കൂറിന് വെറും 50 രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഞായറാഴ്ച വൈകിട്ടാണ് പട്ന–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കുട്ടികളുമായി എത്തിയ ബിഹാർ സ്വദേശികളായ ഏജന്റുമാരായ ഡബ്ല്യു. നാഥിനെയും സുനിൽ മണ്ഡലിനെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. മുൻകൂട്ടി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്ന് കുട്ടികളെ ചൈൽഡ് ലൈന് കൈമാറി.  രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേർക്ക് 14 വയസ്സും രണ്ട് പേർക്ക് 16 വയസ്സും ഒരാൾക്ക് 15 വയസ്സും മറ്റൊരാൾക്ക് 17 വയസ്സുമാണ്. ഇവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കി ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷം സ്വദേശങ്ങളിലേക്ക് മടക്കിയയയ്ക്കും.

ഏജന്റുമാരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിൽ പെരുമ്പാവൂർ സ്വദേശിയായ ഒരു മലയാളി ഇടനിലക്കാരന്റെ പങ്ക് പുറത്തുവന്നത്. പെരുമ്പാവൂർ ഓടക്കാലിയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലേക്ക് തൊഴിലാളികളെ എത്തിക്കുന്നതിനിടെയാണ് കുട്ടികളെയും കൊണ്ടുവരാൻ ഇയാൾ നിർദേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗോപാൽഗഞ്ച്, സരൺ, കോപ്പ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുമായി സംസാരിച്ച ശേഷമാണ് കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചത്.

പെരുമ്പാവൂരിൽ ബാലവേലയുടെ പേരിൽ കുട്ടികളെ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികളെ എത്തിക്കുന്നത്. 2022-ൽ തൊഴിൽവകുപ്പ് നടത്തിയ പരിശോധനയിൽ രായമംഗലം, പുല്ലുവഴി, കീഴില്ലം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് എട്ട് കുട്ടികളെ മോചിപ്പിച്ചിരുന്നു. പ്രായപൂർത്തിയായതായി കാണിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകളും നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു.

2023-ൽ വാഴക്കുളം കീൻപടിയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ നിന്ന് 10 മുതൽ 17 വയസ്സ് വരെ പ്രായമുള്ള അസം സ്വദേശികളായ പത്ത് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. തങ്ങളുടെ നാട്ടിലെ ദാരിദ്ര്യം മുതലെടുത്താണ് പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ കുട്ടികളെ ഏജന്റുമാർ വഴി കേരളത്തിലെത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. സ്ഥിരവരുമാനമെന്ന പ്രതീക്ഷയിൽ പല കുടുംബങ്ങളും കുട്ടികളെ ഏജന്റുമാർക്കൊപ്പം അയയ്ക്കുന്ന സാഹചര്യവും നിലനിൽക്കുന്നു.

പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കരുതെന്ന് പ്ലൈവുഡ് വ്യവസായ സംഘടനകൾ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും അത് ലംഘിക്കപ്പെടുന്നതായാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്. കുടുംബത്തോടൊപ്പം ജോലി സ്ഥലങ്ങളിലെത്തുന്ന കുട്ടികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് വെങ്ങോലയിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളി ദമ്പതികളുടെ കുഞ്ഞ് മാലിന്യക്കുഴിയിൽ വീണ് മരിച്ച സംഭവം ഇതിന് ഉദാഹരണമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img